Monday, April 25, 2011

പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...

പ്രിയപ്പെട്ട പൃഥ്വി രാജ്,
താങ്കള്‍ വിവാഹിതനായ വാര്‍ത്ത ഇന്നു ഉച്ചയോടെ വായിച്ചു അറിഞ്ഞു. വരനും വധു, ബിബിസി മാധ്യമ പ്രവര്‍ത്തക സുപ്രിയാ മേനോനും എല്ലാ വിധ മംഗളങളും നേരുന്നതിനോടൊപ്പം ഒന്നു രണ്ട് കാര്യങള്‍ അറിയിക്കണം എന്ന് തോന്നിയതുകൊണ്ടാണു ഇങ്ങനെ ഒരു കത്ത് എഴുതുന്നത്.

ഞാന്‍ ഒരു കത്ത് എഴുതി ഇട്ടാല്‍ ഉടന്‍ തന്നെ വന്നു വായിച്ചു ഒരു മറുപടി താങ്കള്‍ തരും എന്നുള്ള മിഥ്യധാരണ ഒന്നും അച്ചായത്തിയ്ക്കില്ല.പറയാനുള്ളതു ഇത്ര മാത്രം.....ഒരു നല്ല നായകന്‍ ചേരുന്ന പണിയല്ല താങ്കള്‍ കാണിച്ചത്.സാധാ മലയാളിയെ സംബന്ധിച്ചിടത്തോളം നായകന്‍ നന്മയുള്ളവനാണു, നല്ലവനാണു. നല്ല നായകന്‍മാര്‍ സത്യത്തിനൊപ്പം നില്ക്കുന്നവനാണ്. ഞങ്ങളുടെ മനസ്സിലെ നായകസങ്കല്പങ്ങള്‍ക്കുതകുന്ന കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്നപ്പോഴാണു താങ്കള്‍ ഞങ്ങള്‍ക്കു പ്രിയനായകന്‍ ആയത്.

ഏപ്രില്‍ 25-നു വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള വനിത മാസികയുടെ ഏപ്രില്‍ 15 -30 ലക്കത്തില്‍ വിവാഹത്തെക്കുറിച്ച് ഇത്രെയും സത്യങ്ങള്‍ വിളിച്ചു പറഞ്ഞതു വളരെ മോശമായിപ്പോയി.ഈസ്റ്റര്‍ ലക്കത്തില്‍ താങ്കള്ക്കു വേണ്ടി മാത്രം ഒരു 3 പേജു ഡെഡിക്കേറ്റ് ചെയ്ത അവരെയും അതു വായിച്ച ഞങ്ങളെയും താങ്കള്‍ ഫൂള്‍സ് ആക്കി. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു മാതിരി മറ്റേടേത്തേ പണിയല്ലയൊ ഇതിയാന്‍ കാണിച്ചേ'

വെള്ളിത്തിരയില്‍ മിന്നിമറയുന്ന താരങ്ങളെ ഞങ്ങള്‍ എന്നും സ്നേഹിച്ചിട്ടേയുള്ളൂ...മറ്റ് സംസ്ഥാനങ്ങളിലെ പോലെ വലിയ ബുദ്ധിമുട്ടികളൊന്നും ഞങ്ങള്‍ ഉണ്ടാക്കിയിട്ടുമില്ല...ജനപ്രിയനായകന്‍ ദിലീപ് മഞ്ജു വാര്യരെ കല്യാണം കഴിച്ചതുപോലുള്ള അവസ്ഥ ഒന്നുമല്ലായിരുന്നല്ലോ താങ്കളുടേത്.. താങ്കളുടെ കല്യാണത്തിനു കൂട്ട അത്മഹത്യയൊന്നും ഒരു സ്ത്രീ സംഘടനയും ഉറപ്പു പറഞ്ഞിരുന്നില്ലലൊ അല്ലേ...

താങ്കള്‍ക്കു ഈ രഹസ്യ സ്വഭാവത്തിനു ഒരോരോ കാരണങ്ങള്‍ ഉണ്ടാവും.. സ്വകാര്യത എന്നൊക്കെ താങ്കള്‍ പറയുമായിരിക്കും..ഈ ആള്‍ക്കൂട്ടവും തിരക്കും താങ്കള്‍ ഇഷ്ടപ്പെടാത്തതൊന്നുമല്ലലോ..എന്തുമായികൊള്ളട്ടെ ഒന്നു മാത്രമേയുള്ളു....പറഞ്ഞ് പറ്റിച്ചതു താങ്കള്‍ക്കു ചേര്‍ന്നില്ല..ഞങ്ങളുടെ നായകന്‍മാര്‍ സാധാരണക്കാരെ പറഞ്ഞ് പറ്റിക്കില്ല..ഇതു ഞങ്ങളുടെ വിശ്വാസമായിരുന്നു. അതു താങ്കള്‍ തട്ടിയുടച്ചു...ഇത്ര പരസ്യമായി ഒരു കള്ളം കൊട്ടിഘോഷിച്ചിട്ട് ഞങ്ങളെ പറ്റിച്ചതു താങ്കളുടെ പെര്‍ഫെക്ട് ഇമെജിനു ഒട്ടും ചേര്‍ന്നില്ല.

വിഷമമുണ്ടു...അതു ഞാന്‍ പറഞ്ഞു തീര്‍ത്തു..

താങ്കള്‍ വിവാഹിതനായതില്‍ മനം നൊന്ത ഒരു പൈങ്കിളി പെണ്‍കൊടി എഴുതിയതാണു എന്നു താങ്കള്‍ തെറ്റിധരിക്കരുത്. താങ്കളുടെയത്രെയും ആരാധകരില്ലെങ്കിലും നല്ല ഗ്ലാമറും, സാഹിത്യവാസനയും, ഒത്തിരി സ്നേഹവും സത്യസന്ധതയുമുള്ള ഒരു അച്ചായന്‍ ഈ അച്ചായത്തിക്കുണ്ട്.

എന്തായാലും 'ഹാപ്പി വെഡ്ഡിംഗ്'!!

പി. എസ്:- എന്നെങ്കിലും താങ്കള്‍ ഇതു വായിക്കാന്‍ ഇടയായാല്‍ വനിത വാങ്ങിച്ച വഴി എനിക്കുണ്ടായ ധനനഷ്ടം നികത്തും എന്ന വിശ്വാസത്തില്‍....


Added on 28 April 2011, 9:12 p.m IST

കത്തിനു ഒരു ബാക്കിപത്രം...

ഇത്രെയും വലിയ ഒരു പ്രതികരണം പ്രതീക്ഷിച്ചല്ല ഞാന്‍ ഈ കത്ത് എഴുതിയതു. എങ്കിലും വന്നു വായിച്ചും, പങ്കുവച്ചും, കമന്‍റ്റ് എഴുതിയും, ചേര്‍ന്നു നിന്നും, പിന്നില്‍ നിന്നു കുത്തിയും പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത എല്ലാ വായനക്കാര്‍ക്കും നന്ദി....

ഒരു കാര്യം മാത്രം ശ്രദ്ധയയില്‍പ്പെടുത്തിക്കൊള്ളട്ടെ..'പൃഥ്വിരാജിനു ഒരു തുറന്ന കത്ത്' എന്ന ബ്ലോഗില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്‍ ഈ പാവം എന്റെ സംഭാവന. അതിനപ്പുറമായി ഈ ബ്ലോഗ് ഉള്‍പ്പെടുന്ന ലേഖനങ്ങള്‍ക്കോ, കമ്മന്‍റ്റുകള്‍ക്കോ, വെബ് പേജുകള്‍ക്കോ ഞാന്‍ ഉത്തരവാദിയായിരിക്കില്ല...

ബ്ലോഗില്‍ നേരത്തെ പറഞ്ഞിരുന്നതുപോലെ ഒരിക്കല്‍ കൂടി വധുവരന്മാര്‍ക്കു എല്ലാ ആശംസകളും നേരുന്നു!!!