Wednesday, January 7, 2009

' മരുന്നു മാറി കഴിച്ചു…അഥവാ.. മാറി കഴിച്ച മരുന്നു'

ഒരു പത്തിരുപത്തിനാല്` വര്‍ഷം മുന്പാ....ഈ 'ബൂലോകം' ഉണ്ടാകുന്നതിനും വളരെ വളരെ മുന്പു....ഇവിടുത്തെ ഇന്നത്തെ താരങ്ങളില്‍ ചിലരൊക്കെ മുട്ടേല്‍ ഇഴഞ്ഞും ചിലരൊക്കെ അമ്മടെ ഒക്കത്തിരുന്നും ചിലരൊക്കെ വള്ളി നിക്കറിട്ട്, കാറ്റു പൊയ സൈക്കിള്‍ ടയറും ഉരുട്ടി, പ്രത്യേകിച്ച്` ആര്‍ക്കും ഒരു ഉപകാരവുമില്ലാതെ നടന്നിരുന്ന ഒരു കാലം.... അന്നേരത്തെപ്പഴോ ആണു ഈ ഞാന്‍, കപ്പയുടെയും കുരുമുളകിന്റെയും റബ്ബര്‍ ഷീറ്റിന്റെയും സുഗന്ധമുള്ള കോട്ടയം സിറ്റിയുടെ ഒത്ത നടുക്കായിട്ടു, ആ നാഗമ്പടം ബസ്സ് സ്റ്റാന്‍ഡിനു മുന്പിലായിട്ടു തലയുയര്‍ത്തി നില്ക്കുന്ന മെഡിക്കല്‍ സെന്‍റ്ററിലെ ഇരുപത്തൊന്നാം നമ്പറ്‌ മുറിയിലു വന്നു പിറന്നത്`.

ഉണ്ണീയീശോ ഉണ്ടായപ്പോള്‍ ആകാശത്ത് ഒരു നക്ഷത്രമല്ലേ ഉദിച്ചൊള്ളു...പക്ഷെ ഞാന്‍ ഉണ്ടായപ്പോള്‍ ആകാശത്ത് മുഴുവന്‍ നക്ഷത്രങ്ങളായിരുന്നു...ഇതെങ്ങനെ ഒപ്പിച്ചു എന്നല്ല്ലേ? സിമ്പിള്‍...ഞാന്‍ ഉണ്ടായതു പാതിരാത്രി ആയിരുന്നു..ഇത്രെയും നക്ഷത്രങ്ങളെ ഒന്നിച്ചു കണ്ടു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പലപല വിദ്വാന്‍മാര്‍ എന്നെയും കാണാന്‍ വന്നിരുന്നു. ആപ്പിളും മുന്തിരിയും ഓറഞ്ചും ഒക്കെ എന്റെ അമ്മ അന്നക്കുട്ടിക്കു കാഴ്ച് വയ്ക്കുകയും ചെയ്തു.
ടിപ്പിക്കല്‍ പെണ്ണു കാണ്ണല്‍ ചടങ്ങില്‍ വച്ച്, 'ദെ...നമ്മുക്കു അങ്ങോട്ടിരിക്കാം പിള്ളാരു വല്ലോം സംസാരിക്കട്ടേന്നെ..' എന്നു അപ്പാപ്പനെ കൊണ്ടു പറയിപ്പിച്ചിട്ടു, 'ശൊ!! ഈ അപ്പാപ്പന്റെ ഒരു കാര്യം ഇതിന്റെ വല്ലോ കാര്യമുണ്ടോ' എന്നുറക്കെ ഒരു ആത്മഗതം നടത്തി ആദ്യമായിട്ടാ ഒരു ചെറുക്കന്റെ മുഖത്ത് നോക്കുന്നെ എന്ന ഭാവത്തില്‍ പെണ്‍കൊച്ചിന്റെ ഒരു നോട്ടമുണ്ടെല്ലോ...ലേതു? ലതു തന്നെ.. ആ സ്റ്റ്യലില്‍ തൊട്ടിലില്‍ കിടന്നു കണ്ണു തുറന്ന ഞാന്‍ കണ്ടതു എന്താന്നോ?
ഒരു ദാക്ഷണ്യവുമില്ലാതെ, എനിക്കു ഒരു തുള്ളി പോലും തരാതെ, എന്റെ നേരെഒന്നു തിരിഞ്ഞ് പോലും നോക്കാതെ കൊണ്ടു വന്നതു മുഴുവന്‍ ആവേശഭരിതരായി ഒരു മത്സരത്തിലെന്ന പോലെ തിന്നു തീര്‍ക്കുന്ന ഒരു കൂട്ടം സ്വന്തക്കാരെയാണു....സകല ശക്തിയുമെടുത്ത് ഞാനൊന്നു കരഞ്ഞു നോക്കി..'ദെ..അമ്മാമ്മെ കുഞ്ഞു വാവ കരയുന്നു' എന്നല്ലാതെ ആ കൈയിലിരുന്ന ഭക്ഷണസാധനങ്ങള്‍ താഴെ വയ്ക്കാനോ, ഈ സിനിമയില്‍ ഒക്കെ കാണുന്നതു പോലെ ഓടി വന്നു തൊട്ടിലിന്റെ ഇരുമ്പു കമ്പിയില്‍ പിടിച്ചു എന്നെ നോക്കി പാട്ടു പാടാനോ ഒന്നും ആരും മെനക്കെട്ടില്ല...പിന്നെ ഞാന്‍ കരഞ്ഞു എന്റെ വില കളയാഞ്ഞോന്നും പോയില്ല. അന്നു ഞാന്‍ ഒന്നാം പാഠം പഠിച്ചു. കഴിക്കാന്‍ കിട്ടുക എന്നതു ദൈവാനുഗ്രഹമാണു. എന്തു കഴിക്കാന്‍ കിട്ടിയാലും അതു അത്മാര്‍ത്ഥതയോടെ നല്ല കോണ്‍സെന്‍ട്രെഷെനോടു കൂടെ വളരെ വേഗത്തില്‍ തന്നെ കഴിച്ചു തീര്‍ക്കണം.

ഇങ്ങനോരൊന്നു ചിന്തിച്ചു ചിന്തിച്ചു ആ തൊട്ടിലില്‍ കറങ്ങാത്ത സീലിങ്ങ് ഫാനും നോക്കി സമയം കൊന്നോണ്ടിരുന്നപ്പോഴാണു, സുന്ദരനും ,സുമുഖനും ,ഒറ്റ നോട്ടത്തില്‍ എണ്പതുകളില്‍ മലയാള സിനിമയുടെ രോമാഞ്ചം ആയിരുന്ന ശ്രീ സോമനാണോ എന്നു ആരെയും ഒന്നു അമ്പരപ്പിക്കുന്ന (അതു താനല്ലയോ ഇതു എന്നു വര്‍ണ്ണ്യത്തിലാശങ്ക....), എല്ലാവര്‍ക്കും പ്രിയങ്കരനായ എന്റെ പിതാമഹന്‍ കുഞ്ഞുമോന്‍ സാര്‍ ലാന്‍ഡു ചെയ്യുന്നതു. ശൊ..ഇപ്രാവശ്യവും ലേറ്റ്..ഒമ്പതു വര്‍ഷം മുന്പു കടിഞ്ഞൂല്‍ പുത്രി എത്തിയപ്പോഴും ആശാന്‍ സ്ഥലത്തില്ലായിരുന്നു. അതിന്റെ പരാതി അന്നക്കുട്ടിക്കു ഇപ്പഴും മാറിയിട്ടില്ല..അപ്പോഴാണു വീണ്ടും ലേറ്റ്.ഇപ്പം എത്തിയതിനു വേണ്ടിയാണേങ്കില്‍ ഒത്തിരി പ്രാര്‍ത്ഥിച്ചതുമാണ്..എന്തിനാന്നല്ലേ?

ഞാന്‍ പണ്ടു പണ്ടു അമ്മേടെ വയറ്റില്‍ കിടന്ന് കളരിപ്പയറ്റ്, പൂഴികടകം, യോഗ, ഗുസ്തി, നാടോടി ഡാന്‍സ്സ് എന്നിവയൊക്കെ ദിവസവും മുടങ്ങാതെ പ്രാക്ടീസ്സു ചെയ്യുന്ന കാലം.. ചില കലാ വിരോധികളതിനെ 'തൊഴി', 'കുത്ത്', 'തൊഴികുത്ത്' എന്നൊക്കെ വിശേഷിപ്പിക്കുമെങ്കിലും ഞാന്‍ സംസ്ഥാനകലോത്സവങ്ങള്‍ മുന്നില്‍ കണ്ടു എന്റെ കഴിവുകളെ വാര്‍ത്തെടുക്കുകയായിരുന്നു. 'ഗപ്പു' നേടാനുള്ള എന്റെ തത്രപ്പാടുകള്‍ കണ്ടപ്പോള്‍ കൊച്ചിനു വായു കയറിയതായിരിക്കും എന്ന് വിചാരിച്ച എന്റെ മാതാശ്രീ ദിവസം ഒന്നു വീതം 40 ദിവസം കൊണ്ടു കഴിച്ചു തീര്‍ക്കേണ്ട മരുന്നുകള്‍, ഒരു മയവുമില്ലാതെ ദിവസം നാലു വച്ച് 10 ദിവസം കൊണ്ടു കഴിച്ചു തീര്‍ത്തു...പോരേ..പൊടിപൂരം...രണ്ടു നാലു ദിനം കൊണ്ടു അമ്മ ആശുപത്രിയില്‍ എത്തി. (ഇനി എല്ലാരും കുറച്ച് നേരം ആശുപത്രി, ഡോക്ടര്‍മാര്‍, ഡോക്ടര്‍മാര്‍, ആശുപത്രി, എന്നിങ്ങനെ മാറി മാറി ചിന്തിക്കണേ..). വൈകല്യങ്ങള്‍ ഉള്ള കുട്ടി ആയിരിക്കരുതെ എന്നു എല്ലാര്‍ക്കും പ്രാര്‍ത്ഥിക്കാം എന്നു ഡോക്ടറും പറഞ്ഞതോടുകൂടി എല്ലാരും മുട്ടേല്‍ നിന്നു പ്രാര്‍ത്ഥനയുമായി.....എന്തായാലും ഞാന്‍ ആരെയും ബുദ്ധിമുട്ടിക്കാന്‍ നിന്നില്ല..ഒരു ദിവസം അമ്മ ഉണ്ടാക്കിയ ചക്ക പുഴുക്കിന്റെയും കൊഞ്ചുകറിയുടെയും മണമടിച്ചപ്പോള്‍ കൊതി സഹിക്കാന്‍ വയ്യാതെ ഞാന്‍ ഇങ്ങിറങ്ങി പോന്നു...ഹി..ഹി..ഹി ...
മൂന്ന് കിലോ തൂക്കം, നല്ല ഒത്ത പൊക്കം, രണ്ടു കൈ, രണ്ടു കാലു, ...അങ്ങനെ എല്ലാം കൊണ്ടും നോര്‍മ്മല്‍!!!മരുന്നു മാറി കഴിച്ചതുകൊണ്ടു, ഉള്ള മന്ദബുദ്ധിത്തരം മാറിപ്പോയോ; അതൊ മന്ദബുദ്ധിയായി പോയോ എന്ന കാര്യത്തില്‍ എന്റെ വീട്ടുകാരു ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുവാ...എന്തായാലും ഞാന്‍ എന്റെ സ്റ്റാന്‍ഡില്‍ ഉറചു നില്ക്കുന്നു..അമ്മ അന്നു മരുന്നു മാറി കഴിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നു കുറഞ്ഞതു ഒരു 'പാര്‍വതി ഓമനക്കുട്ടന്‍' എങ്കിലും ആയേനെ...മരുന്നു മാറിയതു കൊണ്ടു ഇപ്പം 'ഓമനക്കുട്ടന്‍'..അതായതു നേര്‍പകുതി ആകാനെ പറ്റിയുള്ളു..

ഹാ!!(ഒരു ദീര്‍ഘനിശ്വാസം) അല്ലേലും എല്ലാം കൂടി കര്‍ത്താവു ഒരാള്‍ക്കു മാത്രമായിട്ടു കൊടുക്കുകേലല്ലോ..

Friday, January 2, 2009

ച്ചിരി ഒന്നൊതുങ്ങ്യേ..ഞാനൂടെ ഒന്നിരിന്നോട്ടെ

'ഹരി ശ്രീ ഗണപതായേ നമഃ'

'ബൂലോക'ത്തില്‍ ഒന്നു കയറണമെന്നും എല്ലാരേയും പോലെ എന്നാലാവും വിധം ഈ ബൂലോകത്തുള്ളവരുടെ ക്ഷമയും സഹനശക്തിയും പരീക്ഷിക്കണമെന്നുമുള്ള എന്റെ അതിയായ അത്യാഗ്രഹത്തിന്റെ സാഫല്യമാണു ഈ ബ്ലോഗ്. എനിക്കു മുന്പില്‍ ബൂലോകത്തിന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ട എനിക്കു വഴി കാണിച്ചു തന്ന ചെറിയ ലോകത്തിലെ ഇമ്മിണി വലിയ മനുഷ്യനോടുള്ള നന്ദി രേഖപെടുത്തുന്നു. 'ഇതൊക്കെ എതാ സ്പീഷീസ്സ് !!' എന്ന് പോസ്റ്റുകള്‍ കണ്ടു അന്തം വിട്ടു നിന്ന എന്റെ മുന്പില്‍ 'ഞങ്ങള്‍ വെറും സാദാ മനുഷ്യരെന്നു' ദര്‍ശനം തന്നു തെളിയിച്ച നന്ദപര്‍വ്വത്തിലെ നന്ദേട്ടനോടും ബ്രിജ് വിഹാരത്തിലെ മനുജിയോടുമുള്ള ആരാധനയും സ്നേഹവും അറിയിച്ചുക്കൊള്ളട്ടെ. ആസ്വാദനത്തില്‍ മാത്രം ഒതുങ്ങി കൂടാതെ ഇവിടെ വന്നു 'പറ', 'പന' എന്നൊക്കെ കുത്തിക്കുറിക്കാനുള്ള ആവേശം പകര്‍ന്നു തന്ന ബൂലോകത്തിലെ എല്ലാ ബ്ലോഗര്‍ ദൈവങ്ങളുടെയും മുന്പില്‍ തേങ്ങാ അടിച്ചു കൊണ്ടു ഈ പ്രയാണം ഞാന്‍ തുടങ്ങട്ടെ.

ഞാന്‍ ഒരു പാവം അച്ചായത്തിയാണേ. സ്വദേശം കോട്ടയം. അന്നന്നു വേണ്ടുന്ന അപ്പത്തിനും ചോറിനും മീന്‍ കറിക്കും ബീഫ് ഫ്രൈയ്ക്കും മുട്ട റോസ്റ്റിനും ചെമ്മീന്‍ പീരയ്ക്കും മുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടി ബാംഗ്ളൂര്‍ നഗരത്തിലേക്കു ചേക്കേറിയ ഒരു പെണ്‍കൊടി..ഒരു വലിയ കമ്പനിയുടെ ചെറിയ ഒരു കോണിലിരുന്നു ഇ. സി.ജി. മെഷീനിനു കോഡ് എഴുതുകയാണു പണി. ഇപ്പം നിങ്ങള്‍ വിചാരിക്കും ഇതു കൊള്ളാലൊ എന്നു. പക്ഷെ മക്കളും മാമ്പൂവും മറ്റുള്ളവരുടെ ജോലിയും കണ്ടു കൊതിക്കരുത് എന്നു പണ്ട് ആരോ പാടിയിട്ടില്ലേ.. ഈ സാമാനം ഉണ്ടാക്കിയാല്‍ മാത്രം പോരല്ലൊ..പിന്നെ എന്നും മുട്ടേല്‍ നിന്നു കൊന്തയും ചൊല്ലണം .."..എന്റെ കര്‍ത്താവേ! ഒരുത്തെന്റെയും നെഞ്ചത്തു വയ്ക്കുമ്പോള്‍ ഇതു നിന്നു പോകല്ലെ...ഇനി അങ്ങനെങ്ങാനും സംഭവിചാല്‍ അതെന്റെ കരവിരുതു കൊണ്ടാകല്ലെ...വല്ലോ അത്യാഹിതമോ അപകടമോ പറ്റി എന്നെ ആശുപത്രിയിലേക്കു എടുത്തോണ്ട് ഓടണ്ട വന്നാല്‍ ബോധം പോകുന്നതിനു മുന്പു 'ഇതു ഞാന്‍ ഉണ്ടാക്കിയതാണെ..എന്റെ നെഞ്ചത്തു വയ്കല്ലേ..' എന്നു പറയാന്‍ പറ്റണേ..."എന്നൊക്കെയുള്ള ആവശ്യങ്ങള്‍ എടുത്തു പറയുകയും വേണം.

ഇങനെയൊക്കെ ആണെങ്കിലും ലോക വിവരം അത്ര പോര. ഉദാ:
1) സ്വാശ്രയ പ്രശ്നത്തിനു ഒരു പരിഹാരം നിര്‍ദ്ദേശിക്കാമോ?
ഉ:- അത്രയ്ക്കൊക്കെ അറിയായിരുന്നുവെങ്കില്‍ ഞാന്‍ ഇന്നു ആരായിരുന്നേനെ...
2) അഭയ കേസില്‍ അടയ്ക്കാ രാജുവിന്റെ രഹസ്യ മൊഴി എന്തായിരുന്നു?
ഉ:- അതെങ്ങെനെ ഞാന്‍ അറിയാനാ..അതു രഹസ്യമല്ലെ...
3) 1975ല്‍ പാക്കിസ്താനില്‍ എന്തു സംഭവിച്ചു?
ഉ:- ആ....ഞാന്‍ അന്നു ജനിച്ചിട്ടു പോലുമില്ലായിരുന്നു.
അതുകൊണ്ടു ഇതിനെകുറിച്ചൊന്നും ഞാന്‍ പോസ്റ്റ് ഇടണം എന്നാരും വാശി പിടിക്കരുതു.
ഞാന്‍ കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ കുറച്ചു സംഭവങ്ങളെ കുറിച്ചു എഴുതാന്‍ ശ്രമിക്കാം
വായിക്കണം... കമ്മന്റ് അടിക്കണം....തേങ്ങ അടിക്കണം...എന്നെ അടിക്ക..സോറി.. അനുഗ്രഹിക്കണം...